ഒരു അനുഗ്രഹത്തിനായി കാത്തിരിക്കുന്നു
ബാങ്കോക്കിലെ ഒരു ജനപ്രിയ റെസ്റ്റോറന്റ്, നാല്‍പ്പത്തിയഞ്ച് വര്‍ഷമായി പാകപ്പെടുത്തക്കൊണ്ടിരിക്കുന്ന ഒരു സൂപ്പില്‍ നിന്ന് ആളുകള്‍ക്കു വിളമ്പിക്കൊണ്ടിരിക്കുന്നു, ഒപ്പം ഓരോ ദിവസവും പാത്രത്തിലേക്ക്് അല്‍പ്പം ചേരുവകള്‍ നിറയ്ക്കുകയും ചെയ്യുന്നു. 'ശാശ്വത സൂപ്പ്'' എന്ന് വിളിക്കപ്പെടുന്ന ഈ രീതി മധ്യകാലഘട്ടത്തിലേതാണ്. ഭക്ഷണത്തിന്റെ ചില 'ശേഷിപ്പുകള്‍' കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നല്ല രുചിയുള്ളതായി തോന്നാറുള്ളതുപോലെ, നീണ്ടകാലത്തെ പാചക സമയത്തില്‍ ചേരുവകള്‍ കൂടിച്ചേര്‍ന്ന് അതുല്യമായ രുചികള്‍ സൃഷ്ടിക്കുന്നു. തായ്ലന്ഡിലെ ഏറ്റവും രുചികരമായ സൂപ്പിനുള്ള ഒന്നിലധികം അവാര്‍ഡുകള്‍ ആ റസ്റ്റോറന്റ് കരസ്ഥമാക്കി.
നല്ല കാര്യങ്ങള്‍ക്ക് പലപ്പോഴും സമയമെടുക്കും, പക്ഷേ നമ്മുടെ മനുഷ്യ സ്വഭാവം ക്ഷമയില്ലാത്തതാണ്. 'എത്രത്തോളം?'' എന്ന ചോദ്യം ബൈബിളിലുടനീളം കാണുന്നു. ഹബക്കൂക്ക് പ്രവാചകന് തന്റെ പുസ്തകം ആരംഭിക്കുന്ന 'യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കുകയും നീ കേള്‍ക്കാതിരിക്കുകയും ചെയ്യും?' (ഹബക്കൂക്ക് 1:2) എന്ന ചോദ്യം ഇതിനു നല്ല ഉദാഹരണമാണ്. ക്രൂരന്മാരായ ബാബിലോണിയന്‍ സാമ്രാജ്യത്തിന്റെ അധിനിവേശത്തിലൂടെ ദൈവം തന്റെ രാജ്യത്തിന്മേല് (യെഹൂദ) വരുത്താനിരിക്കുന്ന ന്യാവിധിയെക്കുറിച്ചു പ്രവചിച്ച ഹബക്കൂക്ക് (അവന്റെ പേരിന്റെ അര്‍ത്ഥം 'മല്‍പ്പിടുത്തക്കാരന്‍' എന്നാണ്), ചൂഷകരായ ആളുകള്‍ അഭിവൃദ്ധിപ്പെടാന്‍ ദൈവം അനുവദിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിനു മുമ്പില്‍ വളരെ പോരാട്ടം സഹിച്ചു. എന്നാല്‍ ദൈവം തക്കസമയത്ത് പ്രത്യാശയും പുനഃസ്ഥാപനവും വാഗ്ദാനം ചെയ്തു: 'ദര്‍ശനത്തിന് ഒരു അവധി വെച്ചിരിക്കുന്നു ... അതു വൈകിയാലും അതിനായി കാത്തിരിക്കുക; അതു വരും നിശ്ചയം; താമസിക്കുകയുമില്ല' (2:3).
ബാബിലോന്യ പ്രവാസം എഴുപതു വര്‍ഷം നീണ്ടുനിന്നു. മനുഷ്യന്റെ കണക്കില്‍ അത് വളരെ നീണ്ട കാലമാണ്, എന്നാല്‍ ദൈവം എല്ലായ്പ്പോഴും തന്റെ വചനത്തോട് വിശ്വസ്തനും സത്യവാനുമാണ്.
ദൈവത്തിന്റെ ഏറ്റവും മികച്ച അനുഗ്രഹങ്ങളില്‍ ചിലത് വരാന്‍ വളരെക്കാലമെടുത്തേക്കാം. അതു താമസിക്കുന്നുണ്ടെങ്കിലും, അവനെ കാത്തിരിക്കുക. അവന് എല്ലാ അനുഗ്രഹങ്ങളെയും തികഞ്ഞ ജ്ഞാനത്തോടും കരുതലോടും കൂടി തയ്യാറാക്കുന്നു - അവനെ കാത്തിരിക്കുന്നത് എല്ലായ്പ്പോഴും അനുഗ്രഹദായകമാണ്.
തഴെച്ചുവളരുവാനായി ചെത്തുക
ഒരു പൂച്ചെടിയില്‍ ഒരു വലിയ തേനീച്ച വന്നിരിക്കുന്നത് നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ചെടിയുടെ സമൃദ്ധമായ ശാഖകള്‍ വര്‍ണ്ണാഭമായിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. അതിന്റെ തിളങ്ങുന്ന നീല പൂക്കള്‍ എന്റെ കണ്ണുകളെയും തേനീച്ചയെയും ഒരുപോലെ ആകര്‍ഷിച്ചു. എങ്കിലും കഴിഞ്ഞ ശരത്കാലത്ത്, ഇത് എപ്പോഴെങ്കിലും പൂക്കുമോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്റെ ഭാര്യയുടെ മാതാപിതാക്കള്‍ ആ പെരിവിങ്കിള്‍ ചെടിയുടെ ശാഖകള്‍ വെട്ടിക്കളയുമ്പോള്‍, അവര്‍ അതിനെ നശിപ്പിച്ചുകളയാന്‍ തീരുമാനിച്ചു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, എനിക്ക് ക്രൂരമായി തോന്നിയ ചെത്തിവെടിപ്പാക്കലിന്റെ പ്രസന്നമായ ഫലത്തിനു ഞാന്‍ ഇപ്പോള്‍ സാക്ഷിയായിരിക്കുന്നു.
കഠിനമായ മുറിവുകളുടെ ഫലമായുണ്ടാകുന്ന അതിശയിപ്പിക്കുന്ന സൗന്ദര്യമായിരിക്കാം, വിശ്വാസികള്‍ക്കിടയിലെ ദൈവത്തിന്റെ പ്രവര്‍ത്തനത്തെ വിവരിക്കാനായി ചെത്തിവെടിപ്പാക്കലിന്റെ ചിത്രത്തെ യേശു തിരഞ്ഞെടുത്തതിന്റെ ഒരു കാരണം. യോഹന്നാന് 15ല്‍, 'ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. ... കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു' (വാ. 1-2) എന്നു കാണുന്നു.
നല്ല സമയത്തും മോശം സമയങ്ങളിലും ആത്മീയ പുതുക്കലിനും ഫലപ്രാപ്തിക്കുമായി ദൈവം എപ്പോഴും നമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യേശുവിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (വാ. 5). കഷ്ടതയുടെയോ വൈകാരികമായ ഫലശൂന്യതയുടെയോ 'ചെത്തിവെടിപ്പാക്കല്‍' സമയങ്ങളില്‍ ഇനി എന്നെങ്കിലും വീണ്ടും തളിര്‍ക്കുമോ എന്ന് നാം അത്ഭുതപ്പെട്ടേക്കാം. എന്നാല്‍ തന്നോട് ചേര്ന്നുനില്ക്കാന് ക്രിസ്തു നമ്മെ പ്രോത്സാഹിപ്പിക്കുന്നു: 'കൊമ്പിനു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കും കഴികയില്ല' (വാ. 4).
നാം നിരന്തരം യേശുവില്‍ നിന്ന് ആത്മീയ പോഷണം സ്വീകരിക്കുമ്പോള്‍, തത്ഫലമായി നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സൗന്ദര്യവും ഫലവും (വാ. 8) ദൈവത്തിന്റെ നന്മയെ ലോകത്തിനു കാണിച്ചുകൊടുക്കും.
പാറമേലുള്ള ഒരു വീട്
ഒരു യുഎസ് സംസ്ഥാനത്തെ 34,000 വീടുകള്‍ അടിത്തറയുടെ തകരാര്‍ കാരണം തകര്‍ന്നു വീഴാന്‍ സാധ്യതയുള്ളതാണ്. ഒരു കോണ്‍ക്രീറ്റ് കമ്പനി ഒരു ക്വാറിയില്‍ നിന്നുള്ള ധാതുഘടകങ്ങള്‍ അടങ്ങിയ കല്ലുപയോഗിച്ചാണ് - അതു മനസ്സിലാക്കാതെ - കോണ്‍ക്രീറ്റു നിര്‍മ്മിച്ചുകൊണ്ടിരുന്നത്. ഇതുമൂലം കാലക്രമേണ കോണ്‍ക്രീറ്റില്‍ വിള്ളല്‍ വീഴുകയും ദ്രവിക്കുകയും ചെയ്യുന്നു. അറുനൂറോളം വീടുകളുടെ അടിത്തറ ഇതിനകം തകര്‍ന്നടിഞ്ഞു, കാലക്രമേണ ആ എണ്ണം ഉയരും.
അസ്ഥിരമായ അടിസ്ഥാനത്തിന്മേല് നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ അപകടത്തെക്കുറിച്ച് വിശദീകരിക്കാനായി തെറ്റായ അടിത്തറയില്‍ ഒരു വീട് പണിയുന്ന ചിത്രം യേശു ഉപയോഗിച്ചു. ശക്തിയേറിയ കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കുമ്പോള്‍ നാം ഉറച്ചുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി നമ്മില്‍ ചിലര്‍ എങ്ങനെയാണ് കരുത്തുറ്റ പാറയില്‍ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതെന്ന് അവിടുന്നു വിശദീകരിച്ചു. അതേസമയം, നമ്മളില്‍ മറ്റു ചിലര്‍ തങ്ങളുടെ ജീവിതം മണലിന്മേല് പണിയുന്നു; കൊടുങ്കാറ്റ് രൂക്ഷമാകുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ 'വീഴ്ച വലിയതായിരിക്കും'' (മത്തായി 7:27). അചഞ്ചലമായ അടിത്തറയില്‍ പണിയുന്നതും ഇളകുന്ന അടിത്തറയില്‍ പണിയുന്നതും തമ്മിലുള്ള ഒരു വ്യത്യാസം ക്രിസ്തുവിന്റെ വചനങ്ങള്‍ നാം 'പ്രയോഗത്തില്‍'' വരുത്തുന്നുണ്ടോ ഇല്ലയോ എന്നതാണ് (വാ. 26). അവന്റെ വചനങ്ങള്‍ നാം കേള്‍ക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, മറിച്ച് അവന് നമ്മെ പ്രാപ്തരാക്കുന്നതുപോലെ അവ പ്രയോഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.
ഈ ലോകത്ത് നമുക്ക് ധാരാളം ജ്ഞാനം ലഭ്യമാണ് - ഒപ്പം ധാരാളം ഉപദേശങ്ങളും സഹായങ്ങളും ലഭിക്കും - അവയില്‍ ഭൂരിഭാഗവും നല്ലതും പ്രയോജനകരവുമാണ്. എന്നിരുന്നാലും ദൈവത്തിന്റെ സത്യത്തോടുള്ള എളിയ അനുസരണമല്ലാതെ മറ്റെന്തെങ്കിലും അടിത്തറയിലാണ് നാം നമ്മുടെ ജീവിതം പണിയുന്നതെങ്കില്‍, നാം തകര്‍ച്ചയെ ക്ഷണിച്ചുവരുത്തുകയാണ്. അവന്റെ ശക്തിയില്‍, ദൈവം പറയുന്നതു ചെയ്യുന്നതാണ് പാറമേല്‍ പണിതിരിക്കുന്ന ഒരു വീട്, ജീവിതം, ഉണ്ടായിരിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം.